രക്ഷിതാക്കളേ ജാഗ്രതൈ! നിങ്ങളുടെ പൊന്നോമന മക്കൾ ചതിക്കുഴികളുടെ വക്കിലാണ്!

security Governance trends 5/5 (5)

By C.B. Ahmed

എന്റെ കുട്ടി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൽ എന്നെക്കാൾ സ്മാർട്ടാ;   എനിക്ക് അറിയാത്തത് ഞാൻ അവനെ കൊണ്ടാണ് ചെയ്യിക്കുന്നത്. എല്ലാം അറിയാം,  എന്ത് സ്പീടാണെന്നോ! “എന്ന് അഭിമാനിച്ചു കൊള്ളൂ. പക്ഷേ അവർ ആഴമേറിയ ഗർത്തങ്ങളുടെ  അരികിലാണെന്ന  കാര്യം മറക്കരുത്!  ഒരു ചെറിയ വഴുതൽ മതി ഒരിക്കലും കയറാൻ പറ്റാത്ത കുഴികളിൽ തെന്നി വീഴാൻ.

പുതിയ ആശയവിനിമയ സാങ്കേതികവിദ്യകൾ വഴി സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നു വേണ്ട ലോകത്തിന്റെ പല കോണിലുമുള്ള  അപരിചിതർ വരെ  നമ്മുടെ  വളരെ അടുത്ത് ആയിരിക്കുന്നു – ഒരു വിരലനക്കത്തിന്റെ ദൂരമേ ഉള്ളൂ! എവിടെയുമുള്ള പോലെ നന്മയും തിന്മയും ഇട കലർന്ന പല സമൂഹങ്ങളുമായി നമ്മളറിയാതെ, നമ്മുടെ ദൃഷിപഥങ്ങളിൽ നിന്ന് മാറി നമ്മുടെ മക്കൾ ബന്ധപ്പെടാൻ ഇന്ന് മൊബൈൽ ഫോണിലെ ഒരു ക്ലിക്ക് മതി! വളരുന്ന പ്രായത്തിൽ അവരെ തിന്മകളിലേക്കും, വലിയ പ്രതിസന്ധികളിലേക്കും എളുപ്പത്തിൽ വഴിതിരിച്ചു വിട്ടേക്കാം, സൈബർ അതിനുള്ള വളക്കൂറുള്ള മണ്ണുമാണ്!

ഇന്റർനെറ്റ് സാങ്കേതികവിദ്യ കൊണ്ട് ഗുണങ്ങൾ ഏറെയുണ്ട്. പക്ഷേ, ദുഷ്ടക്കരങ്ങൾ ഉപയോഗിക്കുമ്പോൾ, അവ  ഗുരുതരമായ ദോഷങ്ങൾ ഉണ്ടാക്കുന്നു. അതിൽപ്പെട്ടതാണ് സൈബർ ഭീഷണി (Cyber bullying).

1  എന്താണ് “സൈബർ ബുള്ളിയിങ്” (Cyber bullying)?
  
ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തുന്നതിനെയാണ് “സൈബർ ബുള്ളിയിങ്” (Cyber bullying) എന്ന് പറയുന്നത്. ഇമെയിൽ, സെൽ ഫോൺ, സോഷ്യൽ നെറ്റ് വർക്കിംഗ് വെബ്സൈറ്റുകൾ, ചാറ്റ് റൂമുകൾ, മുതലായവ വഴി വിവര /ആശയ വിനിമയ സങ്കേതങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതാണ് “Cyber bullying”.

കിംവദന്തികൾ പ്രചരിപ്പിക്കൽ, ഇരയെ ആൾമാറാട്ടം ചെയ്തു കബളിപ്പിക്കൽ , അല്ലെങ്കിൽ ഡിജിറ്റൽ ചാനലുകളിൽ ഇരയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തൽ തുടങ്ങി വിവിധ രൂപങ്ങളിൽ ഇത് സംഭവിക്കാം.

2.  ഇനി ഓൺലൈൻ ഭീഷണിയുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം:

  • ഇതു മിക്കവാറും രഹസ്യ സ്വഭാവത്തിൽ ആയിരിക്കും. ഇരയും, പ്രതിയും അവരുടേതായ കാരണങ്ങൾ കൊണ്ട് കഴിയുന്നതും മറ്റള്ളവരിൽ നിന്നും മറച്ചു വെക്കാൻ സാധ്യത ഉണ്ട്
  • ഭീഷണി ഏത് സമയത്തും സംഭവിക്കാം.
  • കൗമാരക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.
  • ഏത് നാട്ടിലും /പ്രദേശത്തും ഇത് സംഭവിക്കാം.
  • സംഭവിക്കുന്ന നഷ്ടങ്ങൾ നികത്താൻ വളരെ പ്രയാസമാണ്.
  • മാനസികമായ പീഡനങ്ങളിൽ നിന്ന് തിരിച്ചു വരവ് എളുപ്പമല്ല
  • ആക്രമണത്തിന്റെ ഉറവിടം കണ്ടെത്തുക പ്രയാസകരവും ചിലപ്പോൾ   അസാധ്യവുമാണ്.
  • ഇത് സൃഷ്ടിക്കുന്ന ആഘാത-പ്രത്യാഘാതങ്ങൾ വളരെ ഏറെയാണ്.

3. സൈബർ ഭീഷണിയുടെ പ്രത്യാഘാതങ്ങൾ:
 
ഇതിൽ ഇരയാക്കപ്പെടുന്ന  പലർക്കും  ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു.  

സൈബർ ഭീഷണി ഇരകളെ മാനസികമായി വളരെ ബലഹീനരാക്കുന്നു.  ഉത് കണ്ഠയും മാനസിക  സമ്മർദ്ദവും കാരണം എപ്പോഴും വിഷാദവും ആത്മവിശ്വാസക്കുറവും അവർ അനുഭവിക്കുന്നു.  ദൈനംദിന പ്രവർത്തനങ്ങളിൽ വരെ താൽപര്യം വളരെ കുറഞ്ഞുപോകുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ സൈബർ  ഭീഷണി തീവ്രമായ മാനസികാരോഗ്യ പ്രശ്നങ്ങൾ, ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ, ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ, വിദ്യാഭ്യാസ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇടയാക്കും.

പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ പോരല്ലോ. ഇതാ ചില പരിഹാര നിർദേശങ്ങളും.

4.  സൈബർ ഭീഷണിക്കെതിരെ ചില സുരക്ഷാ നടപടികൾ:

1. വളരെ ആവശ്യവും സുരക്ഷിതമെന്ന ഉറപ്പുമുള്ള സ്ഥലങ്ങളിൽ അല്ലാതെ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തരുത്.

2.നിങ്ങളുടെ പാസ് വേഡ് ആരുമായും പങ്കിടരുത്. കൂടെക്കൂടെ പാസ് വേഡ് മാറ്റുക

3.സൈബർ ഭീഷണിയെപ്പറ്റി ആഴത്തിലുള്ള അറിവ് നേടുക. ജാഗ്രത കൈവിടരുത്

4.ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ ശ്രദ്ധ പാലിക്കുക. സ്വകാര്യതയുടെ അതിർവരന്പുകൾ ലംഘിക്കുന്ന കാര്യങ്ങളും ചിത്രങ്ങളും വിഡിയോകളും ഒരിക്കലും ഒരു കാരണവശാലും ഇന്റർനെറ്റ് ലോ മൊബൈൽ ഫോണിലോ എടുക്കുകയോ സൂക്ഷിക്കുകയോ ചെയ്യാതിരിക്കുക

5.ഓൺലൈൻ അക്കൗണ്ടുകൾ ഉപയോഗിച്ചതിനുശേഷം എല്ലായ്പ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രമിക്കുക

6.എപ്പോഴും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലെ സ്വകാര്യതാ നിയന്ത്രണ സംവിധാനങ്ങൾ സജ്ജമാക്കാൻ ശ്രമിക്കുക

7.ഓൺലൈനിൽ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

8.നിങ്ങളുടെ കമ്പ്യൂട്ടറിൽ നിരീക്ഷണ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക

9.കുട്ടികളെ മന:ശാസ്ത്രപരമായി നിരീക്ഷിക്കുക; അവരുമായി തുറന്ന ആശയ വിനിമയം നടത്തുക;  വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുക.

10.കുട്ടികളുടെ ദൗർബല്യങ്ങൾ മനസ്സിലാക്കി  അവക്ക്   മതിയായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുക

കൂരാക്കൂരിരുട്ടത്ത്, കള്ളന്മാരുടേയും കൊള്ളക്കാരുടേയും ഇടയിലൂടെ,  ഹിംസ്ര ജന്തുക്കളും വിഷജീവികളും നിറഞ്ഞ പാതയിലൂടെ നിങ്ങളുടെ ഓമന മക്കൾ സഞ്ചരിക്കുന്നത് സങ്കൽപിച്ചു നോക്കൂ. അത് പോലെയാണ് സൈബർ ലോകം.  അപകടങ്ങൾ ഒളിഞ്ഞാണിരിക്കുന്നത് എന്നുകൂടി ഓർമ വേണം. അത് കൊണ്ട് രക്ഷിതാക്കളേ, സൂക്ഷിക്കുക; പിന്നീട് ദുഃഖിക്കേണ്ടി വരരുത്.

 

Comments

Please rate this content